വാഷിംഗ്ടണ്‍ ഡിസി: ശീതയുദ്ധകാലത്ത് അമേരിക്കന്‍ സൈനിക താവളത്തിലെ ആണവ മിസൈലുകളുടെ പ്രവര്‍ത്തനം അജ്ഞാത പറക്കുംതളിക (യുഎഫ്ഒ) നിശ്ചലമാക്കിയെന്ന് വെളിപ്പെടുത്തല്‍.
യുഎസ് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് സലാസ് ആണ് ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. 1967 മാര്‍ച്ചില്‍, മൊണ്ടാനയിലെ മാംസ്‌ട്രോം വ്യോമതാവളത്തില്‍ അരങ്ങേറിയ വിചിത്ര സംഭവങ്ങളാണ് 85കാരനായ സലാസ് വെളിപ്പെടുത്തിയത്.
അന്ന്, മിസൈല്‍ ലോഞ്ച് ഓഫീസറായിരുന്ന സലാസ് ഭൂഗര്‍ഭ കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോഴാണു സംഭവം. താവളത്തിന്‍റെ കവാടത്തിനു മുകളില്‍ ചുവന്ന നിറത്തില്‍ തിളങ്ങുന്ന ഒരു അജ്ഞാതവസ്തു അതിവേഗത്തില്‍ പറക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ കണ്‍ട്രോള്‍ റൂമിലെ അപായമണികള്‍ മുഴങ്ങുകയും സലാസിന്‍റെ മേല്‍നോട്ടത്തിലുണ്ടായിരുന്ന പത്ത് മിനുട്ട്മാന്‍ - ആണവ മിസൈലുകള്‍ ഒന്നിനുപുറകെ ഒന്നായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു.
ബാഹ്യ ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള അതിനൂതന ഷീല്‍ഡിംഗ് സംവിധാനങ്ങള്‍ മിസൈലുകള്‍ക്കുണ്ടായിരുന്നു. എന്നിട്ടും പത്തു മിസൈലുകള്‍ ഒരേസമയം പ്രവര്‍ത്തനരഹിതമായത് ഇന്നും നിഗൂഢമാണ്. സൈനിക താവളത്തിനു മുകളില്‍ അസാധാരണമായ പ്രകാശം കണ്ടതായി അന്നു പരിശോധനയ്ക്കു പോയ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്നു സംഭവിച്ചതു വിശദീകരിക്കാന്‍ കഴിയില്ലെങ്കിലും, ആണവയുദ്ധം തടയാന്‍ ശ്രമിക്കുന്ന മനുഷ്യേതര ബുദ്ധിശക്തിയുടെ ഇടപെടലാണ് ഇതെന്ന് സലാസ് പൂര്‍ണമായും വിശ്വസിക്കുന്നു. അതേസമയം, വ്യോമതാവളത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദ്ദേശം ലഭിച്ചിരുന്നതായും സലാസ് പറഞ്ഞു.
യുഎസ് പ്രതിരോധമന്ത്രാലയം അന്യഗ്രഹജീവികളെക്കുറിച്ചു പഠനങ്ങള്‍ വിപുലീകരിക്കുന്ന സാഹചര്യത്തില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണു വഴിതുറക്കുന്നത്.